About

പുണ്യ പുരാതന ക്ഷേത്രമായ ഇലിപ്പോട് ദേശത്ത് വാണരുളുന്ന ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് ഏതാണ്ട് 400 വർഷത്തോളം പഴക്കം ഉണ്ട് .

ഒരു തെക്കിനിയിൽ ആയിരുന്നു തുടക്കം. പതിറ്റാണ്ടുകളായി ക്ഷേത്രാചാര പ്രകാരമുള്ള യഥാവിധി പൂജാദികളും ഭക്ത്യാദര പൂർവമുള്ള ആരാധനയും നടത്തി പരിപാലിച്ചു പോന്നതോടെ ചൈതന്യ വർദ്ധനവ് അനുഭവപെട്ടു തുടങ്ങി.
നൂറ്റാണ്ടുകൾക്ക് മുൻപ് കുടംബത്തിലെ കാരണവരായിരുന്ന ഒരു യോഗീശ്വരൻ  തെക്കു ദേശത്തു നിന്നും, ശ്രീ ചാമുണ്ഡേശ്വരിയെ സേവിച്ച്  പ്രീതിപ്പെടുത്തി, തന്റെ കുടുംബത്തിനും നാടിനും ഐശ്വര്യ ദായിനിയായി ഇരിക്കണമേ എന്ന് പ്രാർത്ഥിച്ച്  കാവുവിളാകത്ത് കൊണ്ടുവരികയും അവിടെ തന്റെ കുടുംബദേവതകളായ മന്ത്രമൂർത്തി, യക്ഷി അമ്മ, മാടൻ തമ്പുരാൻ  തുടങ്ങിയ ദേവതകൾക്കൊപ്പം ആലയം നിർമ്മിച്ച് കുടിയിരുത്തി പൂജാദി കർമ്മങ്ങൾ നടത്തി പരിപാലിച്ചു പോരുകയും ചെയ്തു. കാലാന്തരത്തിൽ പിൻ തലമുറയിൽപ്പെട്ട മറ്റൊരു കാരണവർ കുശവക്കോട് മഹാദേവന്റെ കിഴക്കുദേശ ദിക്ക് പാലകനായ തമ്പുരാനെ സേവിക്കുകയും തെക്കിനിയിൽ തന്നെ മറ്റു ദേവതകൾക്കൊപ്പം കുടിയിരുത്തി പൂജാദികർമ്മങ്ങളാൽ ആരാധിച്ച് പരിപാലിച്ചു പോന്നു എന്നും ഐതിഹ്യം ഉൽഘോഷിക്കുന്നു.

ആദി പരാശക്തിയുടെ ഭാവങ്ങളിൽ ചാമുണ്ഡേശ്വരിയുടെ സ്ഥാനം ചെറുതല്ല. ചണ്ഡൻ, മുണ്ടൻ എന്നീ അസുരന്മാരെ നിഗ്രഹിക്കാൻ ദുർഗ്ഗയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച  കാളികയാണ് ചാമുണ്ഡാദേവി അഥവാ ചാമുണ്ഡി. തിന്മയെ അകറ്റി നന്മയെ  പുനഃസ്ഥാപിക്കാൻ പരാശക്തി പല ഭാവങ്ങളിൽ അവതരിച്ചതായി കാണാം. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളും കാണുന്നവളുമാണ് സാക്ഷാൽ ദേവി. പരാശക്തി ആരാധന പരമ പവിത്രമാണ്.

ദേവതാ ചൈതന്യം ബഹിർസ്പുരണമായി ഓരോരുത്തർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അനുഭവപ്പെട്ടു തുടങ്ങിയതോടെ, ബോധ തലം ഉണരുകയും കാര്യങ്ങൾ വിചിന്തനം ചെയ്യുകയുമുണ്ടായി.

നിലവിലെ തെക്കിനിക്ക്‌ മാറ്റം വരുത്തി ക്ഷേത്ര നിർമാണത്തിനായുള്ള ഉത്സാഹം മുളപൊട്ടിയതോടെ കാവുവിളാകം കുടുംബം സാമ്പത്തികമായും ഭൂമി വിട്ടുനൽകിയും സജീവമായി മുന്നിട്ടിറങ്ങുകയും ഇലിപ്പോട് കുടുംബത്തോടൊപ്പം നാട്ടുകാരുടെ സഹകരണത്തോടെ പ്രസ്തുത സദ്‌കർമ്മ സാക്ഷാത്ക്കാരത്തിനായി ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. ഏവരുടെയും സന്നദ്ധ സേവനവും സഹകരണ ത്വരയും അക്ഷീണ പരിശ്രമ ഊർജ്ജവും എല്ലാ കാര്യങ്ങളിലും ഒത്തു ചേർന്നപ്പോൾ മുന്നോട്ടുള്ള പ്രയാണം സുഗമമായി. ദൈവജ്ഞൻ ശ്രീ മലയിൻ കീഴ് കണ്ണന്റെ പ്രശ്ന വിധി പ്രകാരം ക്ഷേത്ര തച്ചൻ സുശീന്ദ്രം ശ്രീ പ്രദീപ് നമ്പൂതിരി ക്ഷേത്ര രൂപകല്പന തയാറാക്കി. ക്ഷേത്ര ശില്പി മാർത്താണ്ഡം ശ്രീ സുന്ദരം ക്ഷേത്ര നിർമ്മാണം ഏറ്റെടുത്ത് നിവൃത്തിച്ചു. അങ്ങനെ 1194 മിഥുനം 19 (2019  ജൂലൈ  4 ന്) വ്യാഴാഴ്ച്ച പൂയ്യം നക്ഷത്രവും ശുക്ല ദ്വിതിയും തിഥിയും കൂടിയ ദിവസം പകൽ 10.20 നും 11 നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി ബൈലൂർ മനയിൽ ശ്രീ ബി.ആർ അനന്തേശ്വര ഭട്ട് സ്വാമി അവർകളുടെ മുഖ്യ കാർമികത്വത്തിൽ ദേവിയെ പഞ്ചലോഹ പ്രതിഷ്ഠ നടത്തി ആവാഹിച്ചു കുടിയിരുത്തുകയും ദേവൻ ഗണപതി മറ്റു ഉപദേവന്മാരെ കൃഷ്ണശിലാ പ്രതിഷ്ഠയിൽ കുടിയിരുത്തുകയും ചെയ്തു. തിരുവിതാംകൂർ രാജകുടുംബത്തിലെ ഹിസ് ഹൈനസ് അശ്വതി തിരുനാൾ തമ്പുരാട്ടിയുടെ മഹനീയ കരങ്ങളാൽ  ഭദ്രദീപം കൊളുത്തി ക്ഷേത്രം നാടിനു സമർപ്പിച്ചു.

ക്ഷേത്ര പുനരുദ്ധാരണം 2017 ആരംഭിച്ച് 2019 ജൂലൈ 4 ന്  പ്രതിഷ്ഠയോടെയാണ് പൂർത്തിയായത്. ക്ഷേത്ര ഭരണം കാവുവിളാകം ചാമുണ്ഡേശ്വരി തമ്പുരാൻ  ട്രസ്റ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണ സംവിധാനത്തിലുമാണ് മുന്നേറുന്നത്. ഇന്ന് ക്ഷേത്രവും ദേവതകളും ഇലിപ്പോട് ദേശത്തിന്റെ ദേശദൈവമായി മാറിയിരിക്കുന്നു. കാവുവിളാകം ഉൾപ്പെടുന്ന ഇലിപ്പോട് ദേശത്തിന് കാവൽ വിളക്കായും, ആപത് രക്ഷകരായും, അനുഗ്രഹദായകരായും വാണരുളുന്ന ദേവിക്കും പരിവാരങ്ങൾക്കും ഭക്തി സാന്ദ്രമായ വിനമ്ര സ്തുതി. അഭയമേകിയാലും!!ക്ഷേത്രം നാടിനു സമർപ്പിച്ചു

ക്ഷേത്ര പ്രതിഷ്ഠകൾ : ചാമുണ്ഡേശ്വരി, തമ്പുരാൻ, ഗണപതി 

ഉപദേവതകൾ  :  മന്ത്രമൂർത്തി, യോഗീശ്വരൻ, യക്ഷിഅമ്മ, മാടൻ തമ്പുരാൻ, നാഗർകുലം

 (നാഗരാജാവ്, നാഗയക്ഷി, നാഗകന്യക)

കാവുവിളാകംചാമുണ്ഡേശ്വരിതമ്പുരാൻട്രസ്റ്റ്

പ്രസിഡന്റ് : ശ്രീ. പ്രമോദ് തങ്കപ്പൻ

വൈസ് പ്രസിഡന്റ് : ശ്രീ. പി കൃഷ്ണൻ കുട്ടി

സെക്രട്ടറി  : ശ്രീമതി. നീന പ്രദീപ്

ജോയിന്റ് സെക്രട്ടറി : ശ്രീമതി. ലക്ഷ്മിറിങ്കു

ട്രെഷറർ : ശ്രീമതി. അംബികകുമാരി

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം : ശ്രീമതി. സീന വേണു, ശ്രീമതി. ഷീലാകുമാരി

ട്രസ്റ്റിന്റെ   അംഗീകാരത്തോടെ മാനേജരുടെ അധീനതയിൽ കേരളീയ ബ്രാഹ്മണ രീതിയിൽ താന്ത്രിക പൂജ നിർവഹിച്ചു പോരുന്നു.

പ്രവർത്തന സമയം

തിങ്കൾ, ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും മലയാളമാസം ഒന്നാം തീയതി, പൗർണമി, ആയില്യം എന്നീ ദിവസങ്ങളിലും :

രാവിലെ  5.30  മുതൽ 9.30 മണി വരെ

വൈകുന്നേരം 5.30  മുതൽ 8.30 മണി വരെ

ക്ഷേത്ര ജോലിക്കാർ

മാനേജർ, മേൽശാന്തി, ഓഫീസ് ക്ലർക്ക്, കഴകം (അടിച്ചുതളി)

Copyright © 2020 Kavuvilakam Chamundeswari Thamburan Trust